എന്താണ് ശ്രീമദ് ഭഗവദ് ഗീത ?
എന്തിന് ഞാന്‍ ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?
ഏവര്‍ക്കും
മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യം ആണ് ഇത്. ചോദ്യം പോലെ തന്നെ ഉത്തരവും
വളരെ ലളിതമാണ്.
ലോകത്തില്‍ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ട് എങ്കിലും, അവയില്‍
മിക്കവാറും എല്ലാം തന്നെ അന്ധ്ധവിശ്വാസത്തില് അധിഷ്ടിതമാണ്. കാരണം
അവയെല്ലാം നമ്മെ അതില്‍ പറയുന്ന കാര്യങ്ങളെ നരകത്തിന്റെ പേര് പറഞ്ഞു
ഭയപ്പെടുത്തിയോ, സ്വര്‍ഗത്തിന്റെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി
വിശ്വസിക്കുവാനും പിന്തുടരുവാനും നിര്‍ബന്ധിക്കുന്നു. പക്ഷെ
ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല,
മറിച്ച് ചെകുത്താന്റെ രീതിയാണ്. കാരണം രാവണന്, ഹിരണ്യകശിപു,
അന്ധ്ധകാസുരന്‍, ത്രിപുരാസുരന്, മുതലായ അസുരന്മാര് ഈ രീതിയാണ്
അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേര്‍വഴിക്കു നടത്താന്‍ ആ
മാര്‍ഗ്ഗമാണ് വേണ്ടത് എന്നാണെങ്കില്‍, വിശ്വാസി എന്നാല്‍ വിഡ്ഢിയാണ് എന്നു
പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം
ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികള്‍ ആണ്,
എന്തുകൊണ്ടെന്നാല്‍ അവര്‍ രണ്ടു കൂട്ടരും "വിശ്വാസികള്‍" ആണ്, കൂടാതെ ആ
രണ്ടു കൂട്ടര്‍ക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാന്‍
സാധ്യവും അല്ല.
വിശ്വസിക്കണം എന്നോ, വിശ്വാസി ആകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ്
ഗീതയില്‍ ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്"
മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ,
ശ്രീമദ് ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള
അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍
അത്യുന്നതിയില്‍ നിര്‍ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞു
അന്ധവിശ്വാസി ആക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍
അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും
സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, ഒരു നിര്‍ബന്ധവും ഇല്ല.
ഈ പറയുന്നത്, അന്യ ആധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ
സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍
അധിഷ്ട്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും,
അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത്
ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി
ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ
നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്.
ശ്രീമദ് ഭഗവദ് ഗീത ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയോ വ്യക്തിയുടെയോ
കുടുംബസ്വത്തല്ല. കാരണം ഇന്ന് നമ്മള് അറിയുന്ന "മതങ്ങള്‍" ഒക്കെ
ഉണ്ടായിട്ടു കൂടിയാല്‍ 2,000 വര്‍ഷങ്ങളേ ആയിട്ടുള്ളൂ, പക്ഷെ ശ്രീമദ് ഭഗവദ്
ഗീത രചിക്കപ്പെട്ടിട്ട്, ഏതാണ്ട് 5,000 വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നത്
ചരിത്രകാരന്മാരാല് ശാസ്ത്രീമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും
മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയില്‍
പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മില്‍
കൊല്ലിച്ച് രസിക്കുവാന്‍ അല്ല, മറിച്ച് സമ്പൂര്‍ണ മനുഷ്യരാശിയെ
നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ
മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ
പ്രസംഗിക്കുന്നവര്‍ ആദ്യം ചുറ്റും നോക്കുക, നിങ്ങളുടെ മതങ്ങളുടെ ക്രൂരത
നേരിട്ട് കാണുവാന്‍ കഴിയും. കാരണം, മതങ്ങളുടെ നന്മ "വാക്കുകളില്‍" മാത്രം
ഒതുങ്ങുന്നു...!
നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍
ഒന്നും തന്നെ ചെയ്യാന്‍ ഇല്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ
ജന്മത്തിന്റെ പരമമായ ലക്ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്കുന്ന സന്ദേശം.
അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ്
നമ്മുടെ ശരീരം (മനസ്സ്). അര്ജുനന് ബുദ്ധിയും, ഭഗവാന് ശ്രീ കൃഷ്ണന്
ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി
വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്.
ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില്‍ യുദ്ധത്തിലെ വിജയം
എളുപ്പമാകും, ഒപ്പം അപകടവും ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം
ഉറപ്പ്.
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും
അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു.
അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം
ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു
മുന്പില് നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍,
പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ
മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്ജുനന്
അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന് ശ്രീ കൃഷ്ണന് ഉത്തരവും
പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി
പുരാതനവും അത്യാധുനികവും ആയ ശാസ്ത്രം ആണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം,
ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ...!